2014, ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ അവാര്‍ഡ്; അഞ്ച് കൃതികള്‍ ചുരുക്കപ്പട്ടികയില്‍ ലതാലക്ഷമിയുടെ നോവലും


ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ മത്സരത്തിലേക്ക് അഞ്ച് നോവലുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. വിനോയ് തോമസ് രചിച്ച 'കരിക്കോട്ടക്കരി', ലതാലക്ഷ്മിയുടെ 'തിരുമുഗള്‍ബീഗം', കെ.വി.മണികണ്ഠന്റെ 'മൂന്നാമിടങ്ങള്‍, പി.ജിംഷാറിന്റെ 'ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍', ഹക്കിം ചോലയിലിന്റെ '1920 മലബാര്‍' എന്നീ കൃതികളാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഈ കൃതികളില്‍നിന്നുള്ള ഒരു നോവലായിരിക്കും ഡി സി കിഴക്കെമുറി ജന്മശതാബ്ദി നോവല്‍ പുരസ്‌കാരം നേടുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആഗസ്റ്റ് 29 ന് വൈകീട്ട് 5.30ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുന്ന ഡി സി ബുക്‌സ് 40ാം വാര്‍ഷികാഘോഷ വേളയിലാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ചടങ്ങില്‍ ടി. പത്മനാഭന്‍, ആനന്ദ്, എന്‍.എസ്. മാധവന്‍, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഈ അഞ്ചു കൃതികളും ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും.

പുലയരുടെ കനാന്‍ദേശമെന്നു വിളിക്കപ്പെടുന്ന കരിക്കോട്ടക്കരി എന്ന വടക്കന്‍ കുടിയേറ്റഗ്രാമത്തിലെ പുലയകൃസ്ത്യന്‍ ജീവിതകഥ പറയുന്നു 'കരിക്കോട്ടക്കരി.' ഇതിന്റെ രചയിതാവായ വിനോയ് തോമസ് വയനാട്ടില്‍ സ്‌കൂള്‍ അധ്യാപകനാണ്.

തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവനില്‍ കലാവിഭാഗം അധ്യക്ഷയായ ലതാലക്ഷ്മി രചിച്ച 'തിരുമുഗള്‍ബീഗം' സുപ്രസിദ്ധ സിത്താര്‍ വാദകനായ പണ്ഡിറ്റ് രവിശങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ദാമ്പത്യജീവിതവും കലാജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഇതിലെ പ്രമേയം. ലതാലക്ഷ്മിയുടെ നാലു കഥാസമാഹാരങ്ങള്‍ മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

'മൂന്നാമിടങ്ങള്‍' എന്ന നോവലിന്റെ രചയിതാവായ കെ.വി.മണികണ്ഠന്‍ ചാലക്കുടി പോട്ട സ്വദേശിയും പ്രമുഖ ഇലവേറ്റര്‍ കമ്പനിയിലെ ഉദ്യോഗസ്ഥനുമാണ്. ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം അവിടെ നിന്നുള്ള സാംസ്‌കാരിക വെബ് പോര്‍ട്ടലായ 'മൂന്നാമിട'ത്തിന്റെ പ്രവര്‍ത്തകനുമായിരുന്നു. സമകാലിക മലയാളം വാരിക നടത്തിയ എം.പി.നാരായണപിള്ള ചെറുകഥാമത്സരത്തില്‍ മണികണ്ഠന്റെ ജലകണിക എന്ന കഥ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്വന്തം സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കേണ്ടിവന്ന ഒരു കവയിത്രിയുടെ ജീവിതകഥ പറയുന്ന ഈ നോവല്‍ സ്‌െ്രെതണമനസ്സിന്റെ വൈചിത്ര്യങ്ങളെ സുക്ഷ്മമായി ആവിഷ്‌കരിക്കുന്നു.

മലബാര്‍ കലാപകാലം മുതല്‍ മതമൗലികവാദം വളര്‍ന്നുവരുന്ന സമീപകാലം വരെയുള്ള ദീര്‍ഘമായൊരു കാലഘട്ടത്തിലെ ഒരു ഗ്രാമത്തിന്റെ കഥ ആവിഷ്‌കരിക്കുന്ന നോവലാണ് പി.ജിംഷാറിന്റെ 'ഭൂപടത്തില്‍നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍.' ചലച്ചിത്രപ്രവര്‍ത്തകനും കഥാകൃത്തുമായ പി.ജിംഷാര്‍ മുമ്പ് മലയാള സര്‍വ്വകലാശാലയുടെ ചെറുകഥയ്ക്കുള്ള സാഹിതി അവാര്‍ഡിന് അര്‍ഹനായിരുന്നു.

മലബാര്‍ കലാപം വിഷയമാക്കുന്ന മറ്റൊരു നോവലാണ് 1920 മലബാര്‍. ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പുള്ള കാലം മുതല്‍ മലബാര്‍ കലാപം വരെയുള്ള കാലത്തെ ഏറനാടിന്റെ ചരിത്രം ഈ നോവലില്‍ ഒരു മുസ്ലീം ബാലികയുടെ കാഴ്ചപ്പാടില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. എണ്‍പതോളം കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹക്കിം ചോലയില്‍ മൂന്നു ചെറുകഥാസമാഹാരങ്ങളുടെ കര്‍ത്താവുമാണ്.